Latest Updates

വീട്ടില്‍ ഒരു പൂന്തോട്ടം ഉണ്ടാവുക എന്നത് ഏവരും ഇഷ്ട്ടപെടുന്ന സംഗതിയാണ്. വെറും കാഴ്ചയ്ക്ക് മാത്രമല്ല, മനസ്സിന്റെ ഉത്കണ്ടയും ജോലി സംബന്ധിയായ ടെന്‍ഷനുകളുമെല്ലാം മാറ്റുവാന്‍ പറ്റുന്ന ഒരു ചികിത്സ കൂടിയാണ് ഉദ്യാനപാലനം.

പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിലും പഞ്ചാബ് പോലുള്ള നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പൂന്തോട്ടം ഒരുക്കല്‍ ഒരു പ്രത്യേക കലയായിട്ടാണ് അവര്‍ കാണുന്നത്.

പക്ഷെ നമ്മുടെ കേരളത്തില്‍ ചെറിയ ശതമാനം വീടുകളില്‍ മാത്രമേ മനോഹരമായ പൂന്തോട്ടം കാണാന്‍ സാധിക്കുകയുള്ളൂ. ചെടി വാങ്ങുന്ന ഭാര്യമാരെ വഴക്ക് പറയുന്ന ഭര്‍ത്താക്കന്മാരും, ചെടി പരിപാലിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ചെറിയ വട്ടാണോ എന്ന് ചിന്തിക്കുന്ന ഭാര്യമാരും ഒട്ടും കുറവല്ല. 

മിക്കവരുടെയും  വീടുകളില്‍ അഞ്ചോ ആറോ ചെടികള്‍ ഉണ്ടാവും. പക്ഷെ അത് മനസ്സിന് കുളിര്‍മ നല്‍കുന്ന പൂന്തോട്ടം ആണോന്നു ചോദിച്ചാല്‍ സംശയമാണ്.

പൂന്തോട്ടം ഒരുക്കുന്നതിലെ പരിചയം ഇല്ലായ്മയും ചെടികളെ മനസ്സിലാക്കി പരിപാലിക്കുന്നതില്‍ ഉള്ള അജ്ഞതയുമാണ്‌ നമ്മുടെ നാട്ടില്‍ പൂന്തോട്ടം എന്ന സങ്കല്‍പം പുറകിലായി പോയതിനു കാരണം.

കാലാവസ്ഥയ്ക്കും സീസണും അനുയോജ്യമായ ചെടികള്‍ വേണം തിരഞ്ഞെടുക്കുവാന്‍. നമ്മുടെ നാട്ടില്‍ സാധാരണ പുഷ്പമേളകള്‍ നടക്കുന്നത് തണുപ്പ് കാലത്താണ്. പ്രത്യേകിച്ച് ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍.

ഈ സമയത്ത് പൂത്തു നില്‍ക്കുന്ന ചെടികളില്‍ കാണാന്‍ നല്ല ഭംഗിയാവും. അതില്‍ ആകൃഷ്ട്ടരായി പുഷ്പമേളയില്‍ നിന്നും നേര്സരികളില്‍ നിന്നുമൊക്കെ നമ്മള്‍ ആ ചെടി വാങ്ങി വീട്ടില്‍ കൊണ്ട് പോയി നടും. 

പക്ഷെ ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ കാലാവസ്ഥ മാറും. വേനല്‍ക്കാലം ആരംഭിക്കും. അതോടെ ശീതകാല ചെടികള്‍ പൂവിടതാവും. ഇത് സ്ഥിരം സംഭവിക്കുന്ന ഒരു കാര്യമാണ്.

ഓര്‍ക്കേണ്ട കാര്യം പുഷ്പമേളകളില്‍ കാണുന്നത് പോലെ ശീതകാല ചെടികള്‍ നമ്മുടെ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞു നില്‍ക്കണമെങ്കില്‍  ആഗസ്റ്റ്, സെപ്ടംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തന്നെ ഈ ചെടികള്‍ വാങ്ങി നട്ടിരിക്കണം.

അതുപോലെ തന്നെ പലരും പറയുന്ന ഒരു കാര്യമാണ് പൂന്തോട്ടം ഒരുക്കാന്‍ ഒരു പാട് ചിലവ് വരില്ലേ, പാഴ്ചിലവ് ആണെന്നൊക്കെ.  പത്തു രൂപയ്ക്ക് കിട്ടുന്ന പത്തുമണി തണ്ടുകള്‍ മുതല്‍ വില കുറഞ്ഞ, മുറിച്ചു വര്‍ദ്ധിപ്പിച്ചു നടാവുന്ന ഇല ചെടികള്‍ വരെ കൃത്യമായ പ്ലാനിങ്ങോട് കൂടി നട്ടാല്‍ തന്നെ വലിയൊരു  പൂന്തോട്ടം നമുക്കൊരുക്കാം. 

മനോഹരമായ പൂന്തോട്ടം ഉള്ള ഒരു വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോള്‍ തന്നെ എന്തൊരു പോസിറ്റീവ് എനര്‍ജിയാണ്. അത് മാത്രമല്ല സന്തോഷത്തിലും സമാധാനത്തിലും നല്ല മാനസീക ആരോഗ്യത്തിലും ജീവിക്കുന്ന കുടുംബത്തിന്റെ ലക്ഷണം കൂടിയാണിത്.

ഒരുപാട് വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ചെടികള്‍, അല്ലെങ്കില്‍ വില കൂടിയ ചെടികള്‍ വാങ്ങി നടുക എന്നതല്ല കാര്യം. ഉള്ള ഒന്നോ രണ്ടോ ഇനം ചെടികള്‍ പരമാവധി വര്‍ദ്ധിപ്പിച്ചു ഭംഗിയായി നടുക എന്നതാണ് പ്രധാനം.

വളരെ വില കുറഞ്ഞതും എളുപ്പത്തില്‍ നമ്മുടെ കാലാവസ്ഥയില്‍ വളര്‍ത്താവുന്നതുമായ ചെടികളെ കുറിച്ചുള്ള അറിവുകള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വരുന്നതാണ്. ദയവായി ഫോളോ ചെയ്യുക.

വട്ട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്കുക https://chat.whatsapp.com/LobXj5o1hCt4aAga0zWCGu

 

No comments