ജൈവ കീടനാശിനികള്‍ നിര്‍മ്മിക്കുന്ന വിധം
പച്ചക്കറികള്‍ കൃഷി ചെയ്യുന്ന പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് കീടങ്ങളുടെ ആക്രമണം. ഇതിനെ പ്രധിരോധിക്കുവാന്‍ ഏറ്റവും നല്ല രീതി ജൈവ കീടനാശിനികളാണ്. വിവിധ തരത്തില്‍ ഉള്ള ജൈവകീടനാശിനികളുടെ നിര്‍മ്മാണം നോക്കാം
വേപ്പെണ്ണ എമല്‍ഷന്‍
ഒരു ലിറ്റര്‍ വേപ്പെണ്ണയില്‍ 50 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം 15 ലിറ്റര്‍ വെള്ളത്തിലേയ്ക്ക് ചേര്‍ത്ത് നേര്‍പ്പിച്ചു തളിക്കാവുന്നതാണ്.
പുകയില കഷായം
500 ഗ്രാം പുകയില ചെറുതായി അരിഞ്ഞു 4.5 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ക്കുക. വേറൊരു പാത്രത്തില്‍ അര ലിറ്റര്‍ വെള്ളമെടുത്ത് 100 ഗ്രാം ബാര്‍സോപ്പ് ചീകിയിട്ട് തിളപ്പിച്ച് നന്നായി ലയിപ്പിക്കുക. ഈ സോപ്പ് ലായനി അരിച്ചെടുത്ത പുകയില വെള്ളത്തില്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇതില്‍ 7 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു പച്ചക്കറി വിളകള്‍ക്ക് തളിക്കാവുന്നതാണ്.
കാന്താരി മുളക് മിശ്രിതം
ഒരു പിടി കാന്താരി മുളക് നന്നായി അരച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരിച്ചെടുക്കുക. ഇതില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചു ചേര്‍ത്തിളക്കുക. ഇതിന്റെ കൂടെ വേണമങ്കില്‍ ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി നേര്‍പ്പിച്ചു മൃദു ശരീരികളായ കീടങ്ങള്‍ക്കെതിരെ കായ്ഫലങ്ങളില്‍ വീഴാതെ ഉപയോഗിക്കാം .
വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം
രണ്ടു ശതമാനം വീര്യമുള്ള 10 ലിറ്റര്‍ മിശ്രിതം തയ്യാറാക്കുന്നതിനു 200 ml വേപ്പെണ്ണ, 200 ഗ്രാം വെളുത്തുള്ളി, 50 ഗ്രാം ബാര്‍സോപ്പ് എന്നിവ ആവശ്യമാണ്. സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. വെളുത്തുള്ളി നന്നായി അരച്ച് 300 ml വെള്ളത്തില്‍ കലക്കി അരിച്ചെടുത്തത് വേപ്പെണ്ണയിലേക്ക് ഒഴിക്കുക. ഇവ നന്നായി ഇളക്കി 9 ലിറ്റര്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു ചെടികളില്‍ തളിക്കാം
കിരിയാത്ത് മിശ്രിതം
കിരിയാത്തിന്റെ ഇലകളും തണ്ടും ചതച്ചു നീരെടുക്കുക. ഒരു ലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തയാറാക്കിയ സോപ്പ് ലായനിയും ഒരു പിടി വെളുത്തുള്ളി ചതച്ച നീരും ചേര്‍ത്തിളക്കുക.ഈ മിശ്രിതം പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കാം
വേപ്പിന്‍ കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ചത് ഒരു തുണിയില്‍ കിഴികെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഈ കിഴി പലപ്പോഴായി ഇതേ വെള്ളത്തില്‍ പിഴിഞ്ഞ് വേപ്പിന്‍ കുരു സത്ത് ഉണ്ടാക്കാം. ഇത് നേര്‍പ്പിച്ചു തളിച്ച് കൊടുക്കാം.
Everything super, useful, thanks a lot
ReplyDeletethank you
Delete