Latest Updates

ഈ പരിചരണങ്ങള്‍ മതി മുന്തിരി വീട്ടില്‍ വിളയും

മുന്തിരി നമുക്ക് വീട്ടില്‍ തന്നെ നട്ട് പിടിപ്പിച്ചു വിളവെടുക്കാം. നല്ല നേര്സറികളില്‍ നിന്നും വാങ്ങിയ മികച്ച ഇനം തൈകള്‍ വേണം നടാനായി തിരഞ്ഞെടുക്കുവാന്‍. തൈകള്‍ നടാനായി രണ്ടടി ചതുരുത്തിലും ആഴത്തിലും കുഴിയെടുക്കാം.

ചാണകപ്പൊടിയോ മണ്ണിര  കമ്പോസ്റ്റോ നിറച്ച് 100 ഗ്രാം കുമ്മായവും ചേർത്ത്  കുറച്ചു ദിവസം വെയില്‍ കൊള്ളിക്കുന്നത് നല്ലതാണ്. പന്തല്‍ ഇട്ടു കൊടുക്കാനുള്ള സൌകര്യത്തില്‍ വേണം മുന്തിരി നടുവാന്‍.

മണ്ണില്‍ നട്ട് ടെറസ്സിലേക്ക് പടര്‍ന്നു കയറുന്ന രീതിയിലും നടാവുന്നതാണ്. വളര്‍ന്നു പന്തലില്‍ എത്തുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങിനെ ചെയ്യുമ്പോള്‍ കൂടുതല്‍ മുകുളങ്ങള്‍ വളര്‍ന്നു പന്തലിച്ചു വളരാന്‍ സഹായകരമാവും. വളർന്നു കൊണ്ടിരിക്കുന്ന  മുന്തിരിയിൽ പ്രുണിങ്ങ് നടത്തിയാലെ മുന്തിരിയിൽ  കൂടുതൽ കായ ഉണ്ടാകുകയോള്ളൂ   

 ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും.

പന്തല്‍ മുഴുവന്‍ ആവുമ്പോള്‍ പുതിയ നാമ്പുകള്‍ മുറിച്ചു വിടുക. ആ സമയത്ത് മുന്തിരിയില്‍ പൂക്കള്‍ ഉണ്ടാകുവാന്‍ തുടങ്ങും. പൂക്കള്‍ വിരിഞ്ഞു  120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. 

മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും  കൊമ്പുകോതിയാല്‍ (പ്രുണിങ്ങ് ) ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും .

കാൽകിലോ   കടലപ്പിണ്ണാക്ക്  വെള്ളത്തിലിട്ടു  രണ്ടു ദിവസം വെച്ച്   പുളിപ്പിച് അതിന്റെ തെളി നേർപ്പിച്ച്  ആഴ്ച്ചയില്‍ ഒന്ന് ഒഴിച്ച് കൊടുക്കാം. അതെല്ലങ്കിൽ  ഫിഷ്‌ അമിനോ ആസിഡ് നേർപ്പിച്ച് നെൽകാം. വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് കൊടുക്കാവുന്നതാണ്.

ഇടവളമായി ചാണകപൊടി അല്ലങ്കില്‍ മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കാവുന്നതാണ്. വെർമി വാഷ്  ഇലകളിൽ നേർപ്പിച്ച് തളിച്ചാൽ ഇലച്ചുരുളൽ രോഗം മാറിക്കിട്ടും . 

ഇലമുരിടിപ്പ്, പൂപ്പല്‍രോഗം കാണുകയാണെങ്കില്‍ ബോര്‍ഡോമിശ്രിതം  ഇലകളിൽ  തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെ ഇരുന്നാല്‍ മുന്തിരിയുടെ  മധുരം കൂടാന്‍ ഉപകരിക്കും.

കൂടുതല്‍ കൃഷി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക.https://chat.whatsapp.com/CiU7XlKVuXpBDUbcQ94nUr

No comments