Latest Updates

കലാഞ്ചോ ചെടി നിറയെ പൂ പിടിക്കാന്‍ ഇതുപോലെ ചെയ്യാം

നല്ല ഭംഗിയുള്ള പൂക്കള്‍ ഇടുന്ന ശീതകാല പൂചെടിയാണ് കലാഞ്ചോ. ഇപ്പോള്‍ കൂടുതലും കട്ട ഇതളുകള്‍ ഉള്ള ഹൈബ്രിഡ് ഇനത്തില്‍ പെട്ട ചെടികളാണ് വിപണിയില്‍ ഉള്ളത്. കൃത്യമായ പരിചരണം ഉണ്ടങ്കില്‍ നിറയെ പൂക്കള്‍ ഇട്ടു പൂന്തോട്ടം മനോഹരമാവും.

കലാഞ്ചോ ചെടികള്‍ നടുവാനായി മണല്‍ കൂടുതല്‍ ഉള്ള മണ്ണാണ് വേണ്ടത്. കാരണം വെള്ളം വാര്‍ന്നു പോകുവാന്‍ ഉള്ള സൗകര്യം ഉണ്ടാവണം. മണ്ണില്‍ ഉള്ള വെള്ളത്തിന്റെ അളവ് കൂടിയാല്‍ വളരെ പെട്ടന്ന് തന്നെ ചീഞ്ഞു പോകുന്ന ചെടിയാണിത്‌.

ചാണകപൊടിയും മണ്ണിര കമ്പോസ്റ്റും എല്ലുപൊടിയും നടീല്‍ മിശ്രിതത്തില്‍ ചേര്‍ക്കാം. അല്ലങ്കില്‍ NPK 19 :19 :19 പൊടിയായി ചെറിയ അളവില്‍ ചേര്‍ത്തുകൊടുക്കാം. ഫംഗിസൈഡ് പൊടിയും നടീല്‍ മിശ്രിതത്തില്‍ ചെര്‍ക്കുന്നത് ചീക്കല്‍ രോഗങ്ങളെ തടയാന്‍ ഫലപ്രദമാണ്.

 പലരും പറയുന്ന കാര്യമാണ് കലാഞ്ചോ ചെടികളില്‍ പൂക്കള്‍ ഉണ്ടാവുനില്ല എന്നത്. നേഴ്സരികളില്‍ നിന്ന് വങ്ങുമ്പോള്‍ നല്ലതുപോലെ പൂക്കള്‍ കാണും. വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തുമ്പോള്‍ പൂക്കള്‍ പിടിക്കാതെ പോവുന്നു. 

കലാഞ്ചോയില്‍ പൂക്കള്‍ പിടിക്കുന്നത്‌ രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇരുട്ടും വെളിച്ചവും. ഇരുട്ട് ഇഷ്ട്ടപെടുന്ന ചെടിയാണിത്. അതുപോലെ തന്നെ പരമാവധി ലഭിക്കേണ്ട നേരിട്ടുള്ള സൂര്യപ്രകാശം ശരാശരി 4 മണിക്കൂര്‍ ആണ്.

ബാക്കിയുള്ള സമയം തണല്‍ ഉള്ള വെളിച്ചമാണ് ഇവയ്ക്കു അഭികാമ്യം. അതായത് രാവിലെ 7 മണി മുതല്‍ 11 മണി വരെയുള്ള ചൂട് കുറഞ്ഞ സൂര്യപ്രകാശമാണ് ഈ ചെടിക്ക് വേണ്ടത്. അതിനാലാണ് കിഴക്കിന് അഭിമുഖമായി ഈ ചെടികള്‍ വെക്കണം എന്ന് പറയുന്നത്.

ഒരു തരത്തിലും പൂക്കള്‍ പിടിക്കാത്ത കലാഞ്ചോ  ചെടികള്‍ വീട്ടില്‍ ഉണ്ടങ്കില്‍ അതിനെ എടുത്തു 4 - 6 ദിവസം ചൂട് ഒട്ടും അടിക്കാത്ത രീതിയില്‍ വീട്ടിലെ ഇരുട്ട് കൂടുതല്‍ ഉള്ള സ്ഥലത്ത് വെക്കുക. അല്ലങ്കില്‍ ഒരു കാര്‍ഡ്ബോര്‍ഡ്‌ പെട്ടിക്ക് ഉള്ളില്‍ ചുറ്റിലും നാല് ദ്വാരങ്ങള്‍ ഇട്ടു അടച്ചു വെക്കുക. ബള്‍ബിന്റെ പ്രകാശം പോലും ഉള്ളില്‍ അടിക്കരുത്.

എല്ലാ ദിവസവും രാവിലെ 3 മണിക്കൂര്‍ എടുത്തു സൂര്യപ്രകാശം കൊള്ളുന്ന രീതിയില്‍ വെക്കുക. വീണ്ടും ഇരുട്ടില്‍ വെക്കുക. വെള്ളം ആവശ്യമെങ്കില്‍ മാത്രമേ കൊടുക്കാവു. 10 ദിവസങ്ങള്‍ കൊണ്ട് തന്നെ പുതിയ നാമ്പുകളും പൂമൊട്ടുകളും ഉണ്ടായി വരും. 

കൃത്യമായ നിരീക്ഷണം ഈ ദിവസങ്ങളില്‍ ആവശ്യമാണ്‌. ഏതെങ്കിലും രീതിയില്‍ ചെടിക്ക് വാട്ടമോ ഇലകള്‍ പോഴിയുകയോ ചെയുന്നുവെങ്കില്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടിയില്‍ നിന്ന് മാറ്റുക. 

അതുപോലെ തന്നെ ഈ ചെടികള്‍ ഇലകളിലും തണ്ടുകളിലും വെള്ളം ശേഖരിച്ചു വെക്കുനവയാണ്. അതുകൊണ്ട് തന്നെ മണ്ണ് വരണ്ടു തുടങ്ങുമ്പോള്‍ മാത്രം വെള്ളം കുറച്ചു കൊടുക്കുക. ഇലകളിലും തണ്ടുകളിലും വീഴാതെ ചുവട്ടിലെ മണ്ണില്‍ നേരിട്ട് ഒഴിക്കുക.

ഇലകള്‍ക്ക് മഞ്ഞ നിറം കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം വെള്ളത്തിന്റെ അളവ് കൂടുതല്‍ ആയി എന്നാണ്. വീണ്ടും വെള്ളം കൊടുത്താല്‍ ചെടി ചീഞ്ഞു പോകും. അതുപോലെ തന്നെ ഇലകള്‍ക്ക് കറുപ്പ് നിറം വന്നു ചുരുളുന്നുവെങ്കില്‍ താപനില  കൂടുതല്‍ ആണ്. ചെടി ചട്ടി സ്ഥാനം മാറ്റി വെക്കുക.

മഴ ഒട്ടും കൊള്ളരുത്. ചുവട്ടില്‍ നിന്ന് പൊട്ടുന്ന പുതിയ നാമ്പുകള്‍ മുറിച്ചെടുത്തു തൈകള്‍ ഉണ്ടാക്കാം.

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ മാസം വരെ കേരളത്തില്‍ കലാഞ്ചോ  ചെടികളില്‍ തിങ്ങിനിറഞ്ഞു പൂക്കള്‍ ഉണ്ടാവും.

കൂടുതല്‍ ചെടി അറിവുകള്‍ക്കായി നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3

വീഡിയോകള്‍ കാണുവാനായി youtube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക https://www.youtube.com/channel/UCuvGD7Fv_as-d1ARygiz4fA


No comments