Latest Updates

അടതാപ്പ് നടീലും പരിചരണവും

ഉരുളക്കിഴങ്ങ് പോലെ തന്നെയുള്ള കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ടതാണ് അടതാപ്പ്. എയർപൊട്ടറ്റോ എന്നും  അടതാപ്പ് അറിയപ്പെടുന്നു.ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും. 

വളരെയേറെ പോഷകമൂല്യം ഉള്ള വിള കൂടിയാണ് അടതാപ്പ്. ഈ കാരണത്താല്‍ തന്നെയാണ് ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. 

കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിളയാണിത്.  മണ്ണിന്‍റെ ഇളക്കം, വളക്കൂറ്, ചുറ്റിപ്പടർന്നു കയറുന്ന വൃക്ഷത്തിന്‍റെ ഉയരം, സൂര്യപ്രകാശം എന്നിങ്ങനെ എല്ലാഘടകങ്ങളും ഒത്തിരുന്നാൽ ചുവട്ടിൽ നിന്നും സാമാന്യം വലുപ്പമുള്ള ഒരു കിഴങ്ങ് ലഭിക്കും. 

കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനും ഒക്കെ കൊള്ളാം. മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. 500-600 ഗ്രാം തൂക്കമുള്ളവ വരെ ലഭിക്കും. 

കാലവർഷാരംഭത്തോടെ കാച്ചിൽ നടുന്ന അതേ രീതിയിൽ കുഴിഎടുത്ത് മൂടി അല്പം ജൈവവളങ്ങളും ചേർത്ത് ഇടത്തരം വലുപ്പമുള്ള ഒരു മേക്കായ് നടുക. പടർന്നു കയറാനുള്ള സൗകര്യ മുണ്ടായിരിക്കണം. ചെറുമരങ്ങളിൽ കയറ്റി വിടുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം.

വള്ളിയിൽ ഉണ്ടാകുന്ന മേക്കായ് മൂപ്പെത്തണമെന്നില്ല. ഒരു വിധം വളർച്ചയെത്തിയാൽ എപ്പോൾ വേണമെങ്കിലും പറിച്ചെടുത്ത് കറിവയ്ക്കാം. പക്ഷെ ചുവട്ടിലെ കിഴങ്ങ്, ചെടി മൂപ്പെത്തി തണ്ട് ഉണങ്ങാൻ തുടങ്ങുന്പോൾ മാത്രം പറിച്ച് എടുക്കുന്നതായിരിക്കും ഉത്തമം.

ആവശ്യാനുസരണം ജൈവവളങ്ങളും ചപ്പുചവറുകളും ചുവട്ടിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഇതര വിളകളെപ്പോലെ തന്നെ വളപ്രയോഗതോതിനും പരിചരണത്തിനുമനുസരിച്ച് വിളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും.

join whatsapp group https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3

No comments