വീട് മനോഹരമാക്കുന്ന സ്പൈഡർ പ്ലാൻറ് നടീലും പരിചരണവും അറിയാം
വലിയ പരിചരണങ്ങൾ കൂടാതെ വീട്ടിൽ എളുപ്പത്തിൽ വളര്‍ത്തുവാന്‍ പറ്റുന്ന ചെടിയാണ് സ്പൈഡർ പ്ലാൻറ്. പലതരത്തിലുള്ള സ്പൈഡർ പ്ലാൻറുകൾ ഉണ്ട്. കൂടുതൽ പ്രചാരത്തിലുള്ളത് ഇലകളുടെ നടുക്ക് പച്ചയും അരികിൽ കൂടെ വെളുത്ത വര ഉള്ളതുമാണ്.
ചെടിച്ചട്ടി നിറയെ തിങ്ങി നിൽക്കുന്ന രീതിയിൽ ഈ ചെടി വളർത്തിയെടുത്താൽ കാണാൻ വളരെ മനോഹരമാണ്. മണൽ കൂടുതൽ അടങ്ങിയിട്ടുള്ള മണ്ണാണ് നടാനായി വേണ്ടത്. ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് വളം ആയിട്ട് ചേർത്തുകൊടുക്കാം.
ഔട്ട്ഡോർ ആയും ഇൻഡോറിലും വളർത്തിയെടുക്കാൻ പറ്റുന്ന ചെടിയാണിത്. നല്ലൊരു എയർ പൂരി ഫയർ കൂടിയാണ് സ്പൈഡർ പ്ലാൻറ്. അതുപോലെതന്നെ ഹാങ്ങിങ് പ്ലാൻറ് ആയിട്ടും വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യുവാനും സ്പൈഡർ പ്ലാൻറ് അനുയോജ്യമാണ്.
സൂര്യപ്രകാശം അത്യാവശ്യം വേണ്ട ചെടിയാണ് സ്പൈഡർ പ്ലാൻറ്. പക്ഷേ ഓർക്കേണ്ട കാര്യം ചൂടുകൂടിയ നേരിട്ടുള്ള സൂര്യപ്രകാശം ഇലകളിൽ അടിച്ചാൽ വളരെ പെട്ടെന്ന് തന്നെ കരിഞ്ഞു പോകാൻ സാധ്യതയുള്ള ഒരു ചെടിയാണിത്.
അതുപോലെതന്നെ ഇൻഡോർ ആയിട്ട് വെക്കുമ്പോൾ വെളിച്ചം എത്തുന്ന സ്ഥലങ്ങളിൽ വേണം ചെടി വെക്കുവാൻ. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ജലസേചനം ആണ്. ചെടിച്ചട്ടിക്കുള്ളിലെ മണ്ണ് ഉണങ്ങിയതിനു ശേഷം മാത്രം വെള്ളം ഒഴിച്ചു കൊടുക്കുക.
ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടികിടന്നാൽ വളരെ പെട്ടെന്ന് തന്നെ അഴുകി പോവും. അതിനാലാണ് വെള്ളം വാര്‍ന്നുപോകുന്നതിനുള്ള സൗകര്യത്തിനായി മണൽ കൂടുതലുള്ള നടീൽ മിശ്രിതം തയ്യാറാക്കണം എന്ന് പറഞ്ഞത്.
ചാണക പൊടി ഇടവളമായിട്ട് ചേർത്തുകൊടുക്കാം. ചെറിയ വെളുത്ത പൂക്കൾ ഈ ചെടിയില്‍ ഉണ്ടാവാറുണ്ട്. ചുവട്ടിൽനിന്ന് പുതിയ തൈകൾ മുളച്ചു വരും. അതുപോലെതന്നെ നീണ്ടുവളർന്ന തണ്ടുകളിൽ നിന്ന് പുതിയ ചെടികൾ ഉണ്ടായി വരുന്നു. സ്പ്രൌട്ട് എന്നാണ് ഇതിനെ പറയുന്നത്. അതിൽ വേരുകൾ വരുമ്പോൾ തണ്ടിനെ മുറിച്ചുമാറ്റി പുതിയ ചട്ടിയിലേക്ക് നടാവുന്നതാണ്.
ചെടിയുടെ ഇലകളിൽ പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. അതിനെ പ്രതിരോധിക്കാനായി വേപ്പെണ്ണ എമല്‍ഷന്‍ കൊടുക്കാം. അതുപോലെതന്നെ മീലി ബഗ്സിന്ടെ സാന്നിധ്യം കണ്ടാൽ സോപ്പ് ലായനി തളിച്ചു കൊടുക്കുക.
വേനൽക്കാലത്ത് ഇലയുടെ അഗ്രഭാഗം ഉണങ്ങുന്നതായി കാണാറുണ്ട്. ചൂടിന്റെ കാഠിന്യം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് . എങ്കിൽ വെള്ളം നനയ്ക്കുമ്പോൾ ഇലകളിലും പൂർണമായിട്ട് വീഴുന്ന പോലെ നനച്ചു കൊടുക്കുക.
ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ തുടക്കക്കാർക്കും വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്.
കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DbrZfGWiy3cJybM8625lX4
No comments