Latest Updates

ഇങ്ങിനെ ചെയ്താല്‍ ജമന്തിചെടി നശിക്കാതെ നിറയെ പൂക്കള്‍ പിടിപ്പിക്കാം

ജമന്തി ചെടി വാങ്ങി നടുന്നവർ നേരിടുന്ന ഒരു പ്രശ്നമാണ് ആദ്യത്തെ പൂക്കൾ ഉണ്ടായ ശേഷം ചെടികൾ നശിച്ചു പോകുന്നത്. പലരുടെയും ജമന്തി ചെടികള്‍ അടുത്ത സീസണിലേക്ക് വളരാറില്ല. 

ജമന്തി ചെടിയുടെ പരിചരണം മറ്റു ചെടികളിൽ നിന്നു വ്യത്യസ്തമാണ്. എന്തൊക്കെ കാര്യങ്ങളാണ് ജമന്തി ചെടി നിറയെ പൂവിട്ട് അടുത്ത സീസണിലേക്ക് നിലനിർത്താൻ ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ഇത്  ചെടികളെ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക

ചെടികൾ വാങ്ങുമ്പോൾ നിറയെ പൂമൊട്ടുകളും പൂക്കളും ഉണ്ടായിരിക്കും. എന്നാൽ നമ്മൾ വീട്ടിൽ കൊണ്ടു വെച്ച് ഒരു മാസത്തിനുള്ളിൽ തന്നെ പലരുടെയും ജമന്തി ചെടികൾ നശിച്ചു പോകാറുണ്ട്.

ജമന്തി ചെടികളുടെ പരിചരണത്തിൽ ആദ്യമേ ഓർക്കേണ്ട കാര്യം പ്രൂണിംഗ് ആണ്. മൊട്ടുകളും പൂവും ഇലകളും കരിഞ്ഞു തുടങ്ങിയ തണ്ടുകൾ  മുറിച്ചുവിടുക.

അതുപോലെ തന്നെ പൂക്കൾ കൊഴിയാറായ തണ്ടുകളും മുറിച്ച് വിടുക. മിക്കവാറും ജമന്തി ചെടികളിലും ഏകദേശം ഒരേ പോലെയാണ് മൊട്ടുകൾ വിരിയുന്നതും പൂക്കൾ ഉണ്ടാവുന്നതും. അതുകൊണ്ടുതന്നെ ഒരു സമയത്ത് മുഴുവനായി പ്രൂണ്‍ ചെയ്യാൻ സാധിക്കും.

ഇനി മുറിച്ചുവിട്ട തണ്ടുകളിൽ ബാക്കിയുള്ള ഇലകൾ ഒരു വൃത്തിയുള്ള കത്രിക ഉപയോഗിച്ച് മുറിച്ചു കളയുക. ഒരു ഇല പോലും ഇല്ലാതെ നിർത്തിയാൽ പോലും കുഴപ്പമില്ല. ഇതുപോലെ എല്ലാ തണ്ടുകളിലും ഇലകൾ മുറിച്ചു മാറ്റുക. ഇനി ഇലകൾ മുറിച്ചു മാറ്റിയ ചെടികളെ തണൽ ഉള്ള സ്ഥലത്ത് 10 ദിവസം വയ്ക്കുക


ഓർക്കേണ്ട മറ്റൊരു കാര്യം വെള്ളം നല്ലതുപോലെ വാർന്നു പോകുന്ന ചെടിച്ചട്ടികളില്‍ വേണം ജമന്തി ചെടി നടാൻ. വെള്ളം കെട്ടിക്കിടന്നാല്‍ ചെടി പെട്ടെന്ന് തന്നെ നശിച്ചു പോകുന്നതാണ്. നടീൽ മിശ്രിതത്തില്‍ ചകിരിച്ചോർ ചേർത്ത് കൊടുക്കാവുന്നതാണ്.

ചെടിച്ചട്ടിയിലെ വെള്ളത്തിന്റെ നനവ് കൈകൊണ്ടു തൊട്ടു നോക്കിയതിനു ശേഷം, ആവശ്യമെങ്കിൽ മാത്രം നനച്ചു കൊടുക്കുക. 10 ദിവസങ്ങൾ കൊണ്ട് മുറിച്ച് വിട്ട  തണ്ടുകളില്‍ നിറയെ പുതിയ ഇലകൾ വന്നു അതിനോടൊപ്പം തന്നെ പുതിയ പൂമൊട്ടുകൾ വരും.

ഇങ്ങനെ വളർന്നു തുടങ്ങിയ ചെടിയെ നമുക്ക് പൂന്തോട്ടത്തിലേക്ക് മാറ്റി വെക്കാം. ഒരുകാരണവശാലും നേരിട്ടുള്ള  ചൂടുകൂടിയ സൂര്യപ്രകാശം ചെടികളിലേക്ക് അടിക്കരുത്. തണല്‍ ഉള്ള വെളിച്ചം അടിക്കുന്ന സ്ഥലങ്ങളിൽ വേണം ജമന്തി ചെടികളെ വെക്കുവാൻ.

ഇങ്ങനെ റീ പ്ലാന്റ്ചെയ്ത ജമന്തി ചെടികൾക്ക് കൊടുക്കേണ്ട പ്രധാനമായിട്ടുള്ള വളം കടല പിണ്ണാക്ക് പുളിപ്പിച്ചതാണ്. ആവശ്യമായിട്ടുള്ള അളവിൽ ചെടിച്ചട്ടിയുടെ വശങ്ങളില്‍ പുളിപിച്ച കടലപിണ്ണാക്ക് ഒഴിച്ചു കൊടുക്കാം.

അടുത്ത 20 ദിവസങ്ങൾ കൊണ്ട് തന്നെ ചെടികൾ പഴയതുപോലെ നിറയെ ഇലകളും പൂക്കളും ആയിരിക്കും. ഇനി ഈ പൂക്കൾ കൊഴിയാറായി എന്ന് മനസ്സിലാക്കുമ്പോൾ വീണ്ടും പഴയതുപോലെ തന്നെ പ്രൂണ്‍ ചെയ്തു തണലിലേക്ക് മാറ്റിവെക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ ദീർഘകാലം ചെടികൾ നശിച്ചു പോകാതെ ഉഷാറായി നിലനിൽക്കും. പൂക്കളുടെ സീസൺ കഴിയുമ്പോൾ തണലുള്ള സ്ഥലങ്ങളിലേക്ക് മാറ്റി വച്ചു കൊടുക്കുക.  അടുത്ത സീസൺ ആവുമ്പോള്‍ ഇതുപോലെ ചെയ്തുകൊടുക്കുക.

ഒക്ടോബർ മുതൽ മാർച്ച്- ഏപ്രിൽ മാസങ്ങൾ വരെയാണ് സാധാരണ കേരളത്തിലെ കാലാവസ്ഥയിൽ ജമന്തിചെടിയില്‍ നിറയെ പൂക്കൾ ഉണ്ടാകുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെടി വാങ്ങാന്‍ കൊടുക്കുന്ന പൈസ ഒരിക്കലും നഷ്ടമാകില്ല.  ഇതുപോലുള്ള പുതിയ അറിവുകൾ ലഭിക്കാനായി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/FL1qVDxUOhK8oXoE59rOuq

No comments