Latest Updates

പത്തുമണി ചെടിയുടെ ഈ മഴക്കാല പരിചരണങ്ങള്‍ ശ്രദ്ധിക്കുക.

പത്തുമണി ചെടി വളര്‍ത്തുന്നവര്‍ ധാരാളമുണ്ട്. നല്ലത് പോലെ പരിചരണം കൊടുത്താല്‍ പൂന്തോട്ടം അതിമനോഹരമാക്കുന്നതില്‍ പത്തുമണി ചെടികളുടെ പങ്ക് വലുതാണ്‌.

എന്നാല്‍ മഴക്കാലത്താണ് ഇവയ്ക്കു ഏറ്റവും കൂടുതല്‍ പരിചരണം ആവശ്യമായുള്ളത്. കാരണം മഴക്കാലത്താണ് പത്തുമണിച്ചെടിയില്‍ കൂടുതൽ രോഗങ്ങൾ ഉണ്ടാകുന്നത്.

നമുക്കറിയാം മൺസൂൺ കഴിഞ്ഞതിനുശേഷം സെപ്റ്റംബർ ഒക്ടോബർ മുതൽ അടുത്ത ഏപ്രില്‍ -മേയ് മാസങ്ങൾ വരെയാണ് പത്തുമണി ചെടികൾ ഏറ്റവും നന്നായിട്ട് പൂവിട്ടുനിൽക്കുന്നത്. അതിൽ തന്നെ സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ ഇല കാണാത്ത വിധത്തിൽ പത്തുമണി ചെടിയിൽ പൂവിടുന്ന സീസണാണ്.

പക്ഷേ ഇങ്ങനെ പൂക്കൾ ഉണ്ടാവണമെങ്കിൽ മഴക്കാലത്ത്‌ കൃത്യമായ പരിചരണം നൽകിയേ തീരു. ഇപ്പോൾ നമ്മുടെ വീട്ടിലുള്ള പത്തുമണി ചെടികൾ, തണ്ടുകൾ വളരെ നീണ്ട് വളര്‍ന്നു ഓരോ പൂക്കൾ മാത്രമായിട്ടായിരിക്കും നിൽക്കുന്നത്. തുടരെയുള്ള മഴക്കാലം ആരംഭിക്കുന്നതോട് കൂടി ഇതും ഇല്ലാതെയാവും.

ഈ സമയത്ത് പത്തുമണി ചെടികളിൽ ഏറ്റവും അത്യാവശ്യം ചെയ്യേണ്ട കാര്യമാണ് പ്രൂണിംഗ്. അതായത് ചെടികളുടെ ചുവട്ടിൽ നിന്നും ഒന്നു രണ്ട് ഇഞ്ച് ഉയരത്തിൽ വച്ച് ചെടികളെ മുറിച്ച് വിടുക. ഇങ്ങനെ ചെയ്യുന്നത് മഴക്കാലത്ത് തണ്ടുകളിൽ ഉണ്ടാവുന്ന രോഗങ്ങളെ ഇല്ലാതാക്കുവാനും അതുപോലെ തന്നെ മുറിച്ചു വിട്ടതിന് അടിയില്‍ നിന്നും നിരവധി ബ്രാഞ്ചുകൾ പൊട്ടി മുളച്ചു വരാനും വേണ്ടിയാണ്.

ഇങ്ങനെ നിരവധി ശാഖകള്‍ വന്നെങ്കിൽ മാത്രമേ അടുത്ത സീസണിൽ ചെടിച്ചട്ടി തിങ്ങിനിറഞ്ഞ് പൂക്കൾ ഉണ്ടാവുകയുള്ളൂ. ചെടികളെ മുറിച്ച് വിട്ടതിനുശേഷം ചട്ടിയില്‍ പിടിച്ചിട്ടുള്ള കളകൾ പറിച്ചു മാറ്റേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ ചെടികളുടെ തണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഏതെങ്കിലും തണ്ടുകളില്‍ ചീയല്‍ ബാധിച്ചിട്ടുണ്ടെങ്കിൽ അവയെ പൂർണ്ണമായി പിഴുതുമാറ്റി കളയേണ്ടതാണ്.

ഇങ്ങനെ വൃത്തിയാക്കിയ ചെടിച്ചട്ടി അധികം മഴ കൊള്ളുന്ന സ്ഥലത്തുനിന്ന് മാറ്റി വെക്കുന്നത് നല്ലതാണ്. എങ്കിലും രാവിലെ ഉള്ള ഇളംവെയിൽ അടിക്കുന്ന സ്ഥലങ്ങളിൽ വേണം വെക്കുവാന്‍. അതിനുള്ള സൗകര്യം ഇല്ല എങ്കിൽ ചെടിച്ചട്ടികളിൽ നിന്നും നല്ലതുപോലെ വെള്ളം വാർന്നു പോകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

ഒരു കാരണവശാലും ചട്ടിക്കുള്ളിൽ വെള്ളം കെട്ടിക്കിടക്കാൻ പാടുള്ളതല്ല. ഇങ്ങനെ സംഭവിച്ചാൽ ചെടികൾ ചീഞ്ഞുപോവും. മഴക്കാലത്ത് തന്നെ നല്ല രീതിയിൽ വളപ്രയോഗം നടത്തണം.

വളപ്രയോഗം നടത്തിയില്ലെങ്കിലും പൂക്കൾ ഉണ്ടാവുമെങ്കിലും വളം കൊടുത്താൽ മാത്രമേ നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തിൽ തിങ്ങിനിറഞ്ഞ് പൂക്കൾ ഉണ്ടാവുകയുള്ളൂ.

മഴക്കാലത്ത് ജൈവവളങ്ങൾ കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. യാതൊരു വിധത്തിലുള്ള പൂപ്പലും ഇല്ല എന്ന് ഉറപ്പു വരുത്തിയശേഷം മാത്രമേ ജൈവവളങ്ങൾ കൊടുക്കാവു. അല്ലെങ്കിൽ ഫംഗസ് പോലുള്ള രോഗ ബാധകൾ ചെടികളിലേക്ക് പകർന്ന് അവ നശിച്ചു പോകുന്നതാണ്.

NPK പോലുള്ള വളങ്ങൾ പത്തുമണി ചെടികൾ നിറയെ പൂക്കാൻ വേണ്ടി ഏറ്റവും നല്ലതാണ്. അതുപോലെതന്നെ മണ്ണിരക്കമ്പോസ്റ്റും കൊടുക്കാവുന്നതാണ്‌. ചാണകപ്പൊടി ആണ് ഉള്ളതെങ്കിൽ ജലാംശം ഇല്ലാത്ത ചാണകപ്പൊടി മാത്രം കൊടുക്കാൻ ശ്രദ്ധിക്കുക.

അല്ലെങ്കിൽ പച്ചച്ചാണകം മൂന്നുദിവസം പുളിപ്പിച്ച്  തെളിയെടുത്ത് ഒഴിച്ചു കൊടുക്കാവുന്നതാണ്. മുറിച്ച് മാറ്റുന്ന തണ്ടുകള്‍ പുതിയ ചട്ടിയിൽ നട്ടു വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ  പത്തുമണി ചെടിയെ മഴക്കാലത്ത് രോഗങ്ങൾ വരാതെ സംരക്ഷിക്കുവാനും അതുപോലെതന്നെ അടുത്ത സീസണിൽ നിറയെ പൂക്കൾ ഇടുവാനും സഹായിക്കും.

കൂടുതല്‍ ചെടി വിശേഷങ്ങള്‍  നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF

No comments