Latest Updates

ബദാം വീട്ടില്‍ വളര്‍ത്തിയെടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം

നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഫലമാണ് ബദാം. ഫോളിക് ആസിഡ് ധാരാളം ഉള്ളതിനാല്‍ ഗര്‍ഭിണികള്‍ക്കും, അതുപോലെ തന്നെ രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമീകരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം വളരെ നല്ലതാണ്.

അതുപോലെ തന്നെ ബദാം കഴിക്കുന്നത് കായികബലം കൂട്ടുവാനും, പാലിൽ ചേർത്ത് മുഖത്തു പുരട്ടുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കുവാനും ഉത്തമമാണ്.

ഒന്നു ശ്രമിച്ചാൽ ബദാം നമുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കാം. ഇതിനായി റോസ്റ്റ് ചെയ്യാത്ത ബദാംപരിപ്പ് ആവശ്യമാണ്. കടയിൽ നിന്ന് വാങ്ങുമ്പോൾ അത് ചോദിച്ചു വാങ്ങുക.

ഇങ്ങനെയുള്ള ബദാം പരിപ്പ് 36 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഓരോ 12 മണിക്കൂർ കഴിയുമ്പോഴും വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. ക്ലോറിന്‍ കലർന്നിട്ടുള്ള വെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

36 മണിക്കൂറിനുശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്തു കൂർത്ത ഭാഗം ചെറുതായിട്ട് നുള്ളി കളയുക. ഈ ഭാഗത്ത് നിന്നാണ്  വേര് പൊട്ടി ഇറങ്ങുന്നത്. അതിനുശേഷം വായു കടക്കാത്ത ഒരു പാത്രത്തിൽ ടിഷ്യുപേപ്പർ നിരത്തി അതിനു മുകളിൽ ബദാംപരിപ്പ് നിരത്തി വെക്കുക. ഇനി ഇതിൻറെ മുകളിലും ടിഷ്യൂപേപ്പർ വിരിക്കുക.

ഇങ്ങനെ ചെയ്തതിനുശേഷം ചെറുതായിട്ട് വെള്ളം തളിച്ച് കൊടുക്കുക. ഇനി  പാത്രം വായു കയറാത്ത വിധത്തിൽ അടച്ച് രണ്ടാഴ്ച ഫ്രിഡ്ജിൽ വെക്കണം. ഈ സമയം കൊണ്ട് വേരുകൾ നീളത്തിൽ വളർന്നു തുടങ്ങിയിട്ടുണ്ടാവും.

ഇങ്ങനെയുള്ള ബദാംപരിപ്പ് എടുത്തു ചകിരിച്ചോറിൽ അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റില്‍ വേരുകൾ താഴെ വശത്ത് വരുന്ന രീതിയിൽ നടുക. നല്ലതുപോലെ വെള്ളം തളിച്ച് കൊടുക്കണം. അതിനുശേഷം തണൽ ഉള്ള സ്ഥലത്ത് വെക്കുക.

എല്ലാ ദിവസവും വെള്ളം ആവശ്യത്തിന് തെളിച്ചു കൊടുക്കുകയും വേണം. ഏകദേശം ഒരാഴ്ച കൊണ്ട് ഇലകൾ വന്നു തുടങ്ങുന്നതായി കാണാം. വളരെ സാവധാനം ആയിരിക്കും ഇതിൻറെ വളർച്ച. രാവിലെ ഇളം വെയിൽ കിട്ടുന്ന രീതിയിൽ ഇതിനെ മാറ്റി വെക്കുക.

അര അടി പൊക്കം ആകുമ്പോൾ മണ്ണിലേക്ക് മാറ്റി നടാവുന്നതാണ്. നല്ലതുപോലെ ഇളക്കമുള്ള മണ്ണ് ആയിരിക്കണം. നല്ലതുപോലെ പരിചരിച്ചു വെള്ളവും വളവും ചേർത്ത് കൊടുത്തു വളർത്തുന്ന ബദാം ഏകദേശം ഒരു വർഷം കൊണ്ട് വലിയ മരമായി മാറി കായിക്കുവാൻ തുടങ്ങും.

കൂടുതല്‍ കൃഷികളുടെയും ചെടികളുടെയും അറിവുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

1 comment: