നേഴ്സറികളിലേത് പോലെ ചെടികളുടെ നൂറുകണക്കിന് തൈകള്‍ ഉണ്ടാക്കാനുള്ള ടിപ്സുകള്‍
നേഴ്സറികളില്‍ കാണുന്ന പോലെ ഒരുവിധം എല്ലാ ചെടികളുടെയും തൈകള്‍ നമ്മുക്ക് തനിയെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഓരോ ചെടിക്കും ഓരോ തരത്തില്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ആണ് ഇതിനായി അവലംബിക്കേണ്ടത്. കൂടുതലും കമ്പുകള്‍ നട്ടാണ് തൈകള്‍ ഉണ്ടാക്കുന്നത്.
ഇതിനായി ഓരോ ചെടിയുടെയും വളര്‍ച്ചാ രീതികള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന് കട്ടിയുള്ള കമ്പുകള്‍ ഉണ്ടാവുന്ന ചെടികള്‍ ഉണ്ടാക്കുന്ന രീതിയില്‍ അല്ല ഇല ചെടികള്‍ പോലെ വളരെ മാര്‍ദവമായ തണ്ടുകള്‍ ഉള്ള ചെടികളുടെ തൈകള്‍ ഉണ്ടാക്കേണ്ടത്.
ഈ ഒരു അടിസ്ഥാന കാര്യം മനസ്സിലാക്കിയാല്‍ തൈകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള സമയങ്ങളാണ് തൈകള്‍ ഉണ്ടാക്കുവാന്‍ ഏറ്റവും നല്ലത്.
നമ്മുടെ നാട്ടില്‍ മഴക്കാലമാണ് ഇത്തരത്തില്‍ ഒരുപാട് തൈകള്‍ ഉണ്ടാക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ടത്. ആ സമയത്ത് പൊതുവേ ഈര്‍പ്പം കൂടുതലായതു കൊണ്ട് കമ്പുകള്‍ പെട്ടന്ന് വേര് പിടിച്ച് കിട്ടും.
ചൂടുള്ള സമയത്താണ് തൈകള്‍ ഉണ്ടാക്കേണ്ടതെങ്കില്‍ പ്ലാസ്റ്റിക് കൊണ്ട് മൂടി ഉണ്ടാക്കി ഈര്‍പ്പം നിലനിര്‍ത്തണം. ചെടികളെ സംബന്ധിച്ചിടത്തോളം ഇളം കമ്പുകളാണ് വേര് പിടിച്ച് കിട്ടുവാന്‍ എളുപ്പം.
പൂര്‍ണമായും കമ്പുകളിലെ ഇലകള്‍ മുറിച്ചു മാറ്റിവേണം മണ്ണില്‍ കുത്തുവാന്‍. വേര് പിടിപ്പിക്കാനുള്ള നടീല്‍ മിശ്രിതത്തില്‍ വളങ്ങള്‍ കൂടുതല്‍ ചെര്‍ക്കരുത്. വെള്ളം വാര്‍ന്നു പോകുന്ന മിശ്രിതമാണ് ഇതിനായി തയാറാക്കേണ്ടത്.
മണ്ണും മണലും മാത്രമായുള്ള മിശ്രിതമാണ് കൂടുതലായും തൈകള്‍ ഉണ്ടാക്കുവാന്‍ ഉചിതം. കമ്പുകള്‍ മുറിക്കുമ്പോള്‍ ചതയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊലി ചതഞ്ഞു പോയാല്‍ വേര് പിടിക്കുവാന്‍ ബുദ്ധിമുട്ടാണ്.
ഒരു ചെടിചട്ടിയില്‍ അഞ്ചോ ആറോ കമ്പുകള്‍ നടാം. ഏതെങ്കിലും റൂട്ടിംഗ് ഹോര്‍മോണില്‍ ചുവടു ഭാഗം മുക്കിയതിനു ശേഷം വേണം കമ്പുകള്‍ നടുവാന്‍. ഇത് വേരുകള്‍ പെട്ടന്ന് പൊട്ടാന്‍ സഹായിക്കും.
ഓരോ ചെടിയുടെ കമ്പും വേര് പിടിച് കിട്ടുവാനുള്ള സമയം വ്യത്യസ്തമാണ്. പുതിയ മുകുളങ്ങള്‍ വന്നത് കാണുന്ന ഉടനെ കമ്പ് മാറ്റി നടരുത്. ചില ചെടികളില്‍ വേര് പിടിക്കുനതിനു മുന്നേ കമ്പിലുള്ള പച്ചപ്പ് കൊണ്ട് മുകുളങ്ങള്‍ വരാം.
നല്ലത് പോലെ പുതിയ മുകുളങ്ങള്‍ മുകളിലെയ്ക്ക് കരുത്തോടെ വളര്‍ന്നു തുടങ്ങുമ്പോള്‍ നല്ല വേരുകള്‍ മണ്ണില്‍ ആഴ്ന്നു എന്ന് മനസ്സിലാക്കാം. ഈ സമയത്ത് പുതിയ ചട്ടിയിലെയ്ക്ക് തൈകളെ മാറ്റി നടാം.
No comments