Latest Updates

മാങ്കോസ്റ്റിൻ മരങ്ങളില്‍ നിറയെ കായ പിടിക്കുവാന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരാൻ യോജിച്ചവയാണ്. അന്തരീക്ഷത്തിലെ ഉയർന്ന തോതിലുള്ള ആർദ്രതയും, വാർഷിക മഴയും, 22 മുതൽ 35 ഡിഗ്രി വരെയുള്ള താപനിലയും കൃഷിക്ക് അനുകൂല ഘടകങ്ങളാണ്.

പരാഗണവും അനുബന്ധമായ ബീജസങ്കലനവും വഴിയല്ലാതെ വിത്തുകൾ മുളച്ചുണ്ടാകുന്ന തൈകള്‍ എല്ലാം മാതൃ വൃക്ഷത്തിൻറെ തനിപ്പകർപ്പുകളാണ്. അതിനാൽ തന്നെ മാങ്കോസ്റ്റിൻ മരങ്ങളിൽ വൈവിധ്യം പ്രകടമല്ല.

എന്നാൽ ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കുവാൻ 50 വർഷത്തിനുമേൽ പ്രായമുള്ള ധാരാളം ഫലങ്ങൾ നൽകുന്ന മാതൃ സസ്യങ്ങളിൽ നിന്ന് വിത്തുകൾ ശേഖരിക്കണം. ഗ്രാഫ്റ്റു തൈകൾ ഉത്പാദിപ്പിക്കാമെങ്കിലും അവ നന്നായി വളരുന്നതായോ ധാരാളം ഫലങ്ങൾ നൽകുന്നതായോ അനുഭവമില്ല.

പരമാവധി 25 മീറ്റർ ഉയരത്തിൽ വളരുന്ന മാങ്കോസ്റ്റിൻ അലങ്കാരവൃക്ഷം കൂടിയാണ്. സാവധാനം ആണ് ഇവയുടെ വളർച്ച. ധാരാളം ഇലകൾ ഉണ്ടാകുന്ന ഇവയുടെ വളർച്ചയുടെ, ആദ്യഘട്ടങ്ങളിൽ തണൽ വേണമെങ്കിലും പ്രായമായ മരങ്ങൾക്ക് തണൽ തീരെ ഇല്ലാത്ത വെയിൽ കൂടുതൽ കിട്ടുന്നതാണ് പൂവിടാനും കായ്ഫലം മെച്ചപ്പെടാനും നല്ലത്.

പൊട്ടാസ്യം നൈട്രേറ്റ്, കാൽസ്യം നൈട്രേറ്റ് എന്നിവ മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് പൂ വിരിയുമ്പോൾ മുതൽ വിളവെടുപ്പിന് ഒരു മാസം മുമ്പ് വരെ ഒരു മാസത്തെ ഇടവേളകളിൽ  ഇലകളിൽ തളിക്കുന്നതും നല്ലതാണ്.

കായ പൊഴിച്ചിൽ നിയന്ത്രിക്കുവാൻ ബോറോൺ 25 ഗ്രാം ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ വിതറുന്നത് നല്ലതാണ്. മാങ്കോസ്റ്റിൻ പഴങ്ങളിൽ മഞ്ഞക്കറ ഒഴിവാക്കുവാൻ വേണ്ടി ചെടിയുടെ ചുവട്ടിൽ വെള്ളം ഒട്ടും കെട്ടിനിൽക്കാത്ത വിധം വാർന്നു പോകുന്നതിന് മരത്തിനു ചുറ്റും നെടുകയും കുറുകെയും ചാലുകൾ കീറി വിടണം.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും നിരോക്സീകാരങ്ങളുടെയും കലവറയായ മാങ്കോസ്ടിന്‍ പഴങ്ങൾ മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും മികച്ചതാണ്. ഇവയുടെ പുറംതോട് ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.

കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments