Latest Updates

പൊന്നാംകണ്ണി ചീരയിലും തട്ടിപ്പോ ?

മലയാളികളെ പറ്റിക്കാന്‍ വളരെ എളുപ്പമാണ് എന്ന് പല സംഭവങ്ങള്‍ കൊണ്ട് തന്നെ മിക്കവര്‍ക്കും ബോധ്യമുള്ളതാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വഴി പല തരത്തില്‍ ഉള്ള തട്ടിപ്പുകള്‍ നടക്കുന്നതും നമ്മള്‍ കാണാറുണ്ട്‌.

ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സോഷ്യല്‍ മീഡിയയിലെ താരം പൊന്നാംകണ്ണി ചീരയാണ്. പുതിയതായി കേരളത്തില്‍ എത്തുന്ന ഒരു പച്ചക്കറി എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടത്തി തണ്ടിന് 99  രൂപ മുതല്‍ കിലോയ്ക്ക് 2000 രൂപ വരെയൊക്കെ വിലയുണ്ടെന്ന തള്ളലുകളില്‍ വിശ്വസിച്ചു  ലക്ഷങ്ങളുടെ കച്ചവടവും ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നു.

ബ്ലോഗര്‍മാര്‍ തള്ളിമറിക്കുന്നത് പോലെ പൊന്നാംകണ്ണി ചീര കേരളത്തില്‍ ആദ്യമായി വളര്‍ത്തുന്ന ഒന്നല്ല. പണ്ട് മുതല്‍ തന്നെ കേരളത്തില്‍ സുലഭമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ചീര ഇനമാണിത്.

കേരളത്തില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലേ പറമ്പുകളിലും റോഡു വശങ്ങളിലും ഈ ചീര വളര്‍ന്നു നില്‍ക്കുന്നത് കാണാം. പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ആഴ്ചയില്‍ ഒന്നെങ്കിലും പൊന്നാംകണ്ണി ചീര കൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടായിരുന്നു.

പല തരത്തില്‍ പെട്ട പൊന്നാംകണ്ണി ചീര ഉണ്ടങ്കിലും ചുവന്ന പൊന്നാംകണ്ണി എന്നതിനാണ് ഉയര്‍ന്ന പോഷകഗുണം ഉള്ളത്. നല്ലത് പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളരുന്നവയ്ക്കാണ് ചുവന്ന നിറം കൂടുതല്‍ ഉണ്ടാവുക.

പ്രോട്ടീനും വിറ്റാമിന്‍ എ യും അടങ്ങിയതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇവ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മുറി വൈദ്യന്മാര്‍ പറയുന്നതുപോലെ 40 ദിവസങ്ങളൊക്കെ തുടര്‍ച്ചയായി ഇത് കഴിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷങ്ങള്‍ ആവും ശരീരത്തിന് ഉണ്ടാവുക.

അധികമായാല്‍ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ ... അതുപോലെ തന്നെയാണ് ഏതൊരു ഭക്ഷ്യവസ്തുവും അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അത് കിഡ്നിയുടെ ആരോഗ്യത്തെ അടക്കം ബാധിക്കും.

ആഴ്ചയില്‍ ഒന്ന് മുതല്‍ പരമാവധി മൂന്ന് തവണ വരെ പൊന്നാംകണ്ണി ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ശരിയായ രീതി. തോരന്‍ വെച്ച് കഴിക്കുന്നതാണ് ഉത്തമം. അല്ലാതെ തുടര്‍ച്ചയായി എല്ലാ ആഹാരത്തിലും ഇതുള്‍പ്പെടുത്തിയാല്‍ "നക്ഷത്രം കാണുകയല്ല.... നക്ഷത്രം എണ്ണും"  എന്ന അവസ്ഥയാവും.

നടാനുള്ള പൊന്നാംകണ്ണി ചീര തണ്ടുകള്‍ രണ്ടു രൂപ മുതല്‍ വിപണികളില്‍ വര്‍ഷങ്ങളായി ലഭ്യമാണ്. ഒരു കെട്ടു ചീര 20 - 30 രൂപ വിലയ്ക്കും കേരളത്തില്‍ പല സ്ഥലങ്ങളില്‍ വില്പനയ്ക്ക് ലഭ്യമാണ്.

അതെ സ്ഥാനത്താണ്‌ രണ്ടു തണ്ടുകള്‍ക്ക് 99 രൂപ മുതല്‍ മുകളിലേയ്ക്ക് വിലയിട്ടുള്ള കച്ചവടങ്ങളും സോഷ്യല്‍ മീഡിയയില്‍ പൊടി പൊടിക്കുന്നത്. എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു വിഭാഗം മലയാളികളെ പറ്റിക്കാന്‍ എളുപ്പമാണ് എന്നതാവും ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് അറുതിയില്ലാത്തത്. കാട്ടു പൊന്നാംകണ്ണി  എന്ന ചീരയും വില്പനയ്ക്ക് എന്ന് പറയുന്നവരും ഉണ്ട്.

ഒരു കാലത്ത് തേക്ക് മാഞ്ചിയം ആട് വഴിയായിരുന്നു തട്ടിപ്പുകള്‍.. പിന്നെ മുള്ളാത്തയും ലക്ഷ്മി തരുവുമൊക്കെ ആ സ്ഥാനം കയ്യടക്കി... ഇപ്പോള്‍ അത്  പൊന്നാംകണ്ണി ചീരയിലും എത്തി നില്‍ക്കുന്നു. 

കുറഞ്ഞത്‌ ഒരു കാര്യത്തെകുറിച്ച് കേള്‍ക്കുമ്പോള്‍ ഗൂഗിളില്‍ ഒന്ന് പരതിയാല്‍ അതിനെകുറിച്ചുള്ള ഏകദേശ ധാരണ കിട്ടും. ഏതൊരു സാധനവും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുനത് എവിടെ എന്നറിയാനും ഓണ്‍ലൈന്‍ വഴി സാധിക്കും. അതിനൊന്നും ശ്രമിക്കാതെയാണ് പലരും കെണിയില്‍ പെടുന്നത്.

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സ്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BE22WDVqf8VBTg8NePRcMt





No comments